കോടതിയും ഓഫിസുകളും സന്ദർശിച്ചു എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ കോടതി, വിവിധ സർക്കാർ, അർദ്ധ സർക്കാർ, സമുദായിക സംഘടനകളുടെയും ഓഫിസുകളും ഭവനങ്ങളും സന്ദർശിച്ചായിരുന്നു ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി വോട്ടുകൾ അഭ്യർത്ഥിച്ചത്. രാവിലെ പുല്ലുവഴിയിലെ വീടിനോട് ചേർന്നുള്ള ഭവനങ്ങൾ സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ച ശേഷം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ എത്തി ജീവനക്കാരോടും യാത്രക്കാരോടും വോട്ടുകൾ തേടി. തുടർന്ന് പെരുമ്പാവൂർ കോടതിയിലും നഗരസഭയിലും പോലീസ് സ്റ്റേഷനിലും എത്തി വോട്ട് അഭ്യർത്ഥിച്ചു. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ശേഷം അറക്കപ്പടി ഗാർഡൻ ഫ്രഷ് കമ്പനിയും പെരുമ്പാവൂർ നൈസ് കമ്പനിയും സന്ദർശിച്ചു തൊഴിലാളികളോട് വോട്ട് തേടി. തുടർന്ന് അല്ലപ്ര മിച്ചഭൂമി കോളനി സന്ദർശിച്ചു വീടുകളിൽ വോട്ട് അഭ്യർത്ഥിച്ചു.

പത്മശ്രി അലി മണിഫാന് വൈ.എം.സി.എ യിൽ നടന്ന സ്വീകരണ ചടങ്ങിലും യു.ഡി.എഫ് സ്ഥാനാർത്ഥി പങ്കെടുത്തു. വൈകിട്ട് പെരിയാർ നഗർ കോളനി യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിച്ച വികസന സന്ദേശ യാത്രയുടെ സമാപന സമ്മേളനം വൈകിട്ട് വല്ലത്ത് ഉദ്ഘാടനം ചെയ്തതും എൽദോസ് കുന്നപ്പിള്ളിയാണ്. വിവിധ യോഗങ്ങളിൽ പങ്കെടുക്കുകയും ഇന്ദിര ഭവനിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുത്തതിന് ശേഷമാണ് എൽദോസ് കുന്നപ്പിള്ളി ഇന്നലത്തെ പ്രചരണം അവസാനിപ്പിച്ചത്.