പെരുമ്പാവൂർ ആർ. ടി ഓഫീസിൽ രണ്ടു വർഷത്തിനിടെ ടാക്സിനത്തിൽ പിരിച്ചത് 87 കോടി; മണ്ഡലത്തിൽ റോഡ് നിർമ്മാണത്തിന് ചെലവഴിച്ചത് .5.5 കോടിയെന്ന്

പെരുമ്പാവൂര്‍ ജോയിന്റ് ആര്‍.ടി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ നിന്നും റോഡ് ടാക്‌സ് ഇനത്തില്‍ രണ്ടു വര്‍ഷത്തിൽ പിരിച്ചത് 87 കോടി എന്നാല്‍ നിയോജക മണ്ഡലത്തിലെ 58 പിഡബ്ല്യൂഡി റോഡുകളുടെ നിര്‍മാണത്തിനായി ആകെ ചെലവഴിച്ചത് 5.5 കോടിയാണെന്ന് കണ്ടെത്തൽ .
എന്നാൽ അതില്‍ 2.5 കോടി രൂപ 13 കരാറുകാര്‍ക്ക് കുടിശ്ശിഖയുമാണ്. റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്തിയതല്ലതെ പൂര്‍ണ്ണമായി ടാറിംഗ് ഇതേ വരെ രേഖയിൽ ചെയ്തിട്ടില്ല. റോഡ് ടാക്‌സ് ഇനത്തില്‍ പിരിക്കുന്ന തുകയുടെ നിശ്ചിത ശതമാനം റോഡുനിര്‍മാണത്തിന് ഉപയോഗിക്കണമെന്ന നിയമം ഉള്ളപ്പോഴാണ് ഈ വെട്ടിപ്പ്. അതെന്നും പാലിക്കാതെ തുക വക മാറ്റി ചെലവഴിക്കുന്നതായാണ് റിപ്പോർട്ട്.
റോഡു ടാക്‌സ് കൂടാതെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ഫീസ്, സ്ഥിര രജിസ്‌ട്രേഷന്‍ ഫീസ്, സര്‍വീസ് ചാര്‍ജ്ജ്, വണ്‍ ടൈം സെസ്സ് എന്നീ പേരുകളിലും ഫീസ് ഈടാക്കുന്നതായും പരാതിയുണ്ട്. മണ്ഡലത്തിലെ മിക്ക റോഡുകളും തകര്‍ന്നു കിടക്കുകയാണെന്നും റോഡ് ടാക്‌സ് ഇനത്തില്‍ പിരിച്ചെടുക്കുന്നതില്‍ നിയമ പ്രകാരം റോഡു നിര്‍മാണത്തിനുള്ള തുക ഉപയോഗപ്പെടുത്തി റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പൊതുപ്രവര്‍ത്തകനായ തോമസ് കെ. ജോര്‍ജാണ് ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കിയത്.
കൈകൂലി കേസിൽ നിരവധി പരാതികളുയരുന്ന ആർടിഒ ഓഫീസിൽ ഇടനിലക്കാരാണ് നിയന്ത്രിക്കുന്നതെന്ന പരാതിയുമുണ്ട്.