സ്വർണകടത്ത് കേസിൽ യുവാവിനെ നെടുമ്പാശേരിയിൽ നിന്നും തട്ടിക്കൊണ്ടുപോയ കേസില്‍ മറ്റു പ്രതികൾ കീഴടങ്ങി

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് അന്താരാഷ്ട്ര ടെർമിനലിൽ ഷാര്‍ജയില്‍ നിന്നെത്തിയ താജു തോമസ്‌ എന്നയാളെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ എട്ട് പേരെ കൂടി പോലീസ് പിടികൂടി. ആലുവ കമ്പനിപ്പടി കോട്ടക്കകത്ത് വീട്ടിൽ ഔറാംഗസീബ് (39), മാഞ്ഞാലി സ്വദേശികളായ താണിപ്പാടം ചന്തതോപ്പിൽ വീട്ടിൽ ഷിറിൽ (30), ചൂളക്കപ്പറമ്പിൽ വീട്ടിൽ ഷംനാസ് (22), മാവിൻ ചുവട് ചെറുപറമ്പിൽ മുഹമ്മദ് സാലിഹ് (25), കണ്ടാരത്ത് വീട്ടിൽ അഹമ്മദ് മസൂദ് (24), മാവിൻ ചുവട് മണപ്പാടത്ത് വീട്ടിൽ സക്കീർ (27), ആലങ്ങാട്ട് വീട്ടിൽ കംറാൻ എന്ന് വിളിക്കുന്ന റയ്സൽ (27), വലിയ വീട്ടിൽ റിയാസ് (34) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ പെരുമ്പാവൂര്‍ മുടിക്കല്‍ ചെറുവേലിക്കുന്ന് ഭാഗത്ത് പുതുക്കാടന്‍ വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (44) യെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. താജു തോമസ്‌ വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോള്‍ കാത്തുനിന്ന രണ്ട് പേര്‍ ബലമായി ഇയാള്‍ വിളിച്ച പ്രീപെയ്ഡ് ടാക്സിയിൽ കയറുകയും പിന്നീട് വിമാനത്താവളത്തിനു പുറത്ത് പെട്രോള്‍ പംമ്പിനു സമീപം അഞ്ചോളം കാറുകളിലായി എത്തിയവര്‍ ടാക്സി വളഞ്ഞ് ഇയാളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. പിന്നീട് പോലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പെരുമ്പാവൂരുള്ള ഒരു ലോഡ്ജിൽ നിന്നും കണ്ടെത്തി. കാര്‍ വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 2019 ല്‍ മുബാറക്ക്‌ എന്നയാളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് മുഹമ്മദ് സാലിഹും, അഹമ്മദ് മസൂദും. കേസിലെ മറ്റൊരു പ്രതിയായ ഔറാംഗസീബ് കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ്. രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളുടെ പൂര്‍വകാല പശ്ചാത്തലം പരിശോധിച്ച് കാപ്പ ഉള്‍പ്പെടെയുള്ള നിയമ നടപടികളും സ്വീകരിക്കും. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.