സ്വർണകടത്ത്: തട്ടി കൊണ്ട് പോയത് ആളുമാറി; കേസിൽ പത്താമനും പിടിയില്‍

സ്വർണകടത്ത്: തട്ടി കൊണ്ട് പോയത് ആളുമാറി; ഒരാള്‍ കൂടി പിടിയില്‍
ഒരാഴ്ച മുന്‍പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ ഷാര്‍ജയില്‍ നിന്നെത്തിയ താജു തോമസ്‌ എന്നയാളെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ കൂടി പോലീസ് പിടികൂടി. കോഴിക്കോട് കുന്നമംഗലം പൈങ്ങോട്ട്പുരം പുതിയോട്ടില്‍ യാസര്‍ മനാഫ് (27) നെയാണ് പിടികൂടിയത്. ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പത്തായി. സ്വർണ്ണക്കടത്തായിരുന്നു സംഭവത്തിന്‍റെ പിന്നിൽ തട്ടിക്കൊണ്ടുപോയ സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടര്‍ന്ന്‍ ആളുമാറിയാണ് താജു തോമസിനെ പിടികൂടിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. നിരവധി കേസുകളിലെ പ്രതികളാണ് പിടികൂടിയ വരിലേറെയും. ഇവർ കാത്തു നിന്ന യഥാർത്ഥ ആളെക്കുറിച്ചും പോലിസ് അന്വേഷിക്കുന്നുണ്ട്. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതികളുടെ പൂര്‍വകാല പശ്ചാത്തലം പരിശോധിച്ച് കാപ്പ ഉള്‍പ്പെടെയുള്ള നിയമ നടപടികളും സ്വീകരിക്കുമെന്ന് എസ്.പി പറഞ്ഞു. ആലുവ ഡി.വൈ.എസ്.പി റ്റി.എസ്.സിനോജ്, നെടുമ്പാശ്ശേരി ഇന്‍സ്പെക്ടര്‍ റ്റി.ശശികുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.