വീട്ടമ്മയെ ആക്രമിച്ച് സ്കൂട്ടറും, പണവും കവർച്ച നടത്തിയ മൂന്ന് യുവാക്കൾ പിടിയിൽ . പിടിയിലായവരിൽ നാലു മാസം മുമ്പ് ജയിലിൽ നിന്നിറങ്ങിയ പ്രതിയും

വീട്ടമ്മയെ ആക്രമിച്ച് സ്കൂട്ടറും, പണവും കവർച്ച നടത്തിയ മൂന്ന് യുവാക്കൾ പിടിയിൽ .
പിടിയിലായവരിൽ നാലു മാസം മുമ്പ് ജയിലിൽ നിന്നിറങ്ങിയ പ്രതിയും
പട്ടിമറ്റത്ത് ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ വഴിയിൽ തടഞ്ഞ് നിർത്തി തലക്കടിച്ച് സ്കൂട്ടറും, പണവും കവർച്ച നടത്തിയ മൂന്ന് പേരെ കുന്നത്തുനാട് പോലീസാണ് പിടികൂടിയത്. ഇടുക്കി കൊന്നത്തടി അടുപ്പുകല്ലുങ്കൽ വീട്ടിൽ ആഗ്നൽ ബിനോയി (23), തൃശുർ കൊടുങ്ങല്ലൂർ, എസ് എൻ പുരം പള്ളിപ്പാട്ട് വീട്ടിൽ മുഹമ്മദ് ഷാഫി (31), തൃശ്ശൂർ കല്ലൂർ വില്ലേജ്, മുട്ടിത്തടി, തയ്യിൽ വീട്ടിൽ അനൂപ് (33) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാർച്ച് 19 –ാം തീയതി രാത്രി 07.45 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ വഴിയിൽ തടഞ്ഞ് നിർത്തി സ്കൂട്ടറും, സ്കൂട്ടറിൽ ഉണ്ടായിരുന്ന 15,000/- രൂപയും മൊബൈൽ ഫോണും, കവർച്ച നടത്തുകയായിരുന്നു. സ്കൂട്ടർ പിറ്റേ ദിവസം കോട്ടമല ഭാഗത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെടുത്തിരുന്നു. 3 വർഷം മുൻപ് സ്ത്രീ ജോലി ചെയ്തിരുന്ന കടയിൽ ആഗ്നൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. സ്ത്രീ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ വണ്ടിയിൽ പണമുണ്ടെന്ന് മനസിലാക്കി ക്രിമിനൽ പശ്ചാത്തലമുള്ള മറ്റ് പ്രതികളുമൊന്നിച്ച് കൂടിയാലോചന നടത്തി കവർച്ച നടത്തുകയായിരുന്നു എന്ന് പോലീസിനോട് പറഞ്ഞു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തികിൻറെ നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ഒല്ലൂർ, വരന്തരപ്പിള്ളി, പെരുമ്പിലാവ് എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 2020 ഡിസംബർ മാസത്തിൽ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ മാല മോഷണകേസ്സിൽ അറസ്റ്റിലായ ആഗ്നൽ ജയിൽ മോചിതനായ ശേഷമാണ് ഈ കേസ്സിൽ ഉൾപ്പെട്ടത്. അനൂപിന് വരന്തരപ്പിള്ളി, മതിലകം, ഒല്ലൂർ, പുതുക്കാട്, എറണാകുളം നോർത്ത്, മഞ്ചേരി, കൽപ്പറ്റ, എന്നീ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, കവർച്ച എന്നീ കേസ്സുകൾ നിലവിലുണ്ട്. 4 മാസം മുമ്പാണ് ജയിൽമോചിതനായത്.പെരുമ്പാവൂർ ഡി വൈ എസ് പി എൻ.ആർ.ജയരാജിൻറെ നേതൃത്വത്തിൽ കുന്നത്തുനാട് പോലീസ് ഇൻസ്പെക്ടർ സി.ബിനുകുമാർ, സബ്ബ് ഇൻസ്പെക്ടർ എബി ജോർജ്ജ്, എ.എസ്.ഐ എം.എ,സജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എ.അബ്ദുൾമനാഫ്, എൻ.എ.അജീഷ്, റ്റി.എ.അഫ്സൽ, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.