യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പെരുമ്പാവൂർ സ്വദേശി പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പെരുമ്പാവൂര്‍ മുടിക്കല്‍ ചെറുവേലിക്കുന്ന് പുതുക്കാടന്‍ വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (44) നെ യെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. ഇബ്രാഹിം വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് അന്താരാഷ്ട്ര ടെർമിനലിൽ ഷാര്‍ജയില്‍ നിന്നെത്തിയ താജു തോമസ്‌ എന്നയാളെയാണ് പ്രീപെയ്ഡ് ടാക്സിയിൽ നിന്നും ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയത്. തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പെരുമ്പാവൂരുള്ള ഒരു ലോഡ്ജിൽ നിന്നും കണ്ടെത്തുകയായിരുന്നു. താജു തോമസ്‌ വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോള്‍ കാത്തുനിന്ന രണ്ട് പേര്‍ ബലമായി ഇയാള്‍ വിളിച്ച പ്രീപെയ്ഡ് ടാക്സിയിൽ കയറുകയും പിന്നീട് വിമാനത്താവളത്തിനു പുറത്ത് പെട്രോള്‍ പംമ്പിനു സമീപം അഞ്ചോളം കാറുകളിലായി എത്തിയവര്‍ ടാക്സി വളഞ്ഞ് ഇയാളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
സ്വർണം തട്ടിയെടുത്ത കേസുമായി ബന്ധപെട്ടാണ് തട്ടി കൊണ്ടുപോകൽ അരങ്ങേറിയത്.
സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് പറഞ്ഞു.